മാർഗരേഖ

ഒരു കൃതിയുടെ വിമർശാത്മക വിലയിരുത്തലാണ് ബുക്ക് റിവ്യു. ഏതുപുസ്തകാവലോകനവും തീർച്ചയായും ഒരു വാദം മുന്നോട്ടുവെക്കണം. അത് കൃതിയുടെ സംഗ്രഹമോ ആസ്വാദനമോ പരിചയപ്പെടുത്തലോ ആവരുത്. കൃതിയുടെ ഒരു വ്യാഖ്യാനമാണ് പുസ്തകാവലോകനം.  ബുക്ക് റിപ്പോർട്ടും റിവ്യുവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം അതാണ്. ഈ അവലോകനം ചില സിദ്ധാന്തവിചാരങ്ങളിലേക്ക് വികസിക്കുമ്പോൾ അത് സാഹിത്യവിമർശനത്തിലേക്ക് ഉയരുകയും ചെയ്യും. ബുക്ക് റിപ്പോർട്ടിനും ഗ്രന്ഥനിരുപണത്തിനുമിടയിലാണ്  ബുക്ക് റിവ്യുവിന്റെ നില. 

 

കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും ഈ കൃതിയെ മുൻനിർത്തിയുള്ള സംഭാഷണത്തിലേക്കും തുടർചർച്ചയിലേക്കും പ്രവേശിക്കാൻ ഒരു റിവ്യു നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് ഈ കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണത്. കൃതിയുടെ ജ്ഞാന- അനുഭവതലം,  അതിലെ വിധിന്യായങ്ങൾ, കാഴ്ചപ്പാടുകൾ, ഘടന എന്നീ വക ഏതു ഘടകങ്ങളിലുമുള്ള ആ കൃതിയുടെ മികവോ കുറവോ ഉള്ളത് എവിടെയാണെന്ന് തിരിച്ചറിയാനുള്ള വഴി കൂടിയാണ് ഈ അന്വേഷണം. 

പരിശോധനാവിധേയമാക്കുന്ന കൃതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾ വ്യക്തമായി പ്രസ്താവിക്കണം, ആ പ്രസ്‌താവന തീർച്ചയായും അക്കാദമിക്കുമാവണം.  ഗവേഷണലേഖനം പോലുള്ള അക്കാദമിക് രചനകളുമായി രചനാപരമായി സാമ്യമുള്ളതായിരിക്കണം എഴുത്ത്, അതായത് ഒരു പുർവകല്പന,  അതിനെ പിൻപറ്റുന്ന ഖണ്ഡികകളായി തിരിച്ചുള്ള വിവരണങ്ങളും വിശകലനങ്ങളും, തുടർന്നെത്തുന്ന നിഗമനം എന്നീ ക്രമത്തിൽ യുക്തിഭദ്രമായും സ്പഷ്ടമായും രചന നിർവഹിക്കണം. 

അതിദീർഘമായ രചനയല്ല റിവ്യു. പ്രസിദ്ധീകരണങ്ങളിൽ റിവ്യുകൾ ആയിരം വാക്ക് അധികരിക്കാറില്ല. ആറുപുറത്തിൽ കവിയരുത് എന്നതാണ് ഒരു പൊതു വ്യവസ്ഥ.

 

റിവ്യൂ എഴുതുന്നയാളുടെയുംപുസ്തകത്തിന്റെയും സ്വഭാവമനുസരിച്ച്  രചനാശൈലിയിലുംപരിചരണത്തിലും വ്യത്യാസങ്ങളുണ്ടാകുമെങ്കിലും ചില പൊതുസ്വഭാവങ്ങൾ റിവ്യവിനുണ്ട്. അവയെ താഴെ കാണും പ്രകാരം ക്രോഡീകരിക്കാം

 1. കൃതിയുടെ സമഗ്രമായ ഒരു ചിത്രം - സംഗ്രഹം നൽകണം. 
 2. പ്രധാന കഥാസന്ദർഭങ്ങൾ ആശയങ്ങൾ കാഴ്ചപ്പാടുകൾ ഇവ ഉൾക്കൊള്ളിക്കണം.കൃതിയെ മുഴുവനായും പരിഗണിക്കണം.
 3. കൃതിയുടെ സംഗ്രഹമോ കേവലാസ്വാദനമോപരിയപ്പെടുത്തലോ മാത്രമാവരുത്. വിമർശാത്മകമായ വിലയിരുത്തലുകൾ നിർബന്ധമാണ്.കൃതി നൽകിയ അനുഭവം കൃതി  നിങ്ങളെ എങ്ങനെ സ്വാധീനിച്ചു, കൃതിയുടെമൂല്യം ഇവയെക്കെ വിലയിരുത്തലിൽ ആവാം. 
 4. വായനക്കാരനെ ആ കൃതിയിലേക്ക് അടുപ്പിക്കുക എന്നത് റിവ്യുവിന്റെ പ്രാഥമിക ലക്ഷ്യമാണ്.
 5. എഴുത്തുകാരൻ നിങ്ങളേക്കാൾ വലിയ ആളോ പ്രതിപാദ്യ വിഷയത്തിൽ നിങ്ങളേക്കാൾ ജ്ഞാനിയോ ആയിരിക്കാം.  എന്നാൽ അത്  പുസ്തകാവലോകനംനടത്തുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കരുത്. വിഷയത്തിൽ അവഗാഹമുള്ളയാളെ പോലെയാണ് നിങ്ങൾ റിവ്യുവിനകത്ത് പെരുമാറേണ്ടത്. അതിനായി ആവശ്യമായ വിഷയജ്ഞാനം നേടുകയും വേണം. നിങ്ങളുടെ റിവ്യു വായിക്കുന്ന ഒരാളും കൃതിയുടെ കർത്താവിനേക്കാൾ ശ്രേഷനാണ് നിങ്ങൾ എന്ന മുൻവിധിയിലല്ല റിവ്യു വായിക്കുന്നത് എന്നോർക്കുക.
 6. ഖണ്ഡനസ്വഭാവത്തിലായാലും മണ്ഡന സ്വഭാവത്തിലായാലും വിലയിരുത്തലുകളുംഅഭിപ്രായ പ്രകടനങ്ങളും ആവശ്യമായ ആന്തരിക തെളിവുകളും ഉദാഹരണങ്ങളും വിശകലനങ്ങളും കൊണ്ട് യുക്തിഭഭ്രമാക്കണം  വസ്തുതാവതരണത്തിനും പരിചയപ്പെടുത്തലിനുമല്ല ബുക്ക് റിവ്യൂവിൽ ഊന്നൽ. അത് ബുക് റിപ്പോർട്ടിന്റെ രീതിയാണ്. നിങ്ങളുടെ അഭിപ്രായരൂപീകരണത്തിലാവണം ശ്രദ്ധ.

റിവ്യൂവിന്റെ ഘടന 

• ഒരു റിവ്യൂ ആറുപുറത്തിൽകവിയരുത്.  എഴുതുകയാണെങ്കിൽ പേജിന്റെ ഒരുവശത്തുമാത്രം വ്യക്തമായ കയ്യക്ഷരത്തിൽഎഴുതുക. യൂണികോഡ് അധിഷ്ഠിത ടൈപ്പിങ്ങ് ആണ് അഭികാമ്യം.

• പുസ്തകത്തിന്റെ പേര്, രചയിതാവിന്റെ പേര്, പ്രസാധകൻ, വർഷം, പ്രസിദ്ധീകരണ സ്ഥലം, ആകെ പേജുകൾ, വില, ഐഎസ് ബി എൻ നമ്പർ എന്നിവ ആദ്യംതന്നെ സൂചിപ്പിക്കുക. ഇത് അബ്സ്റ്റ്രാക്റ്റ് ആയി അവലോകനത്തോടൊപ്പം നിർദ്ദിഷ്ട ഫിൽഡീൽ അപ് ലോഡ് ചെയ്യണം

• പുസ്തകശീർഷകത്തിനു പുറമേ, റിവ്യൂവിന് പ്രത്യേകശീർഷകം നൽകാവുന്നതാണ്. 

• ആമുഖം, പുസ്തകത്തിന്റെ രത്‌നച്ചുരുക്കം, ഗ്രന്ഥകാരപരിചയം,  വിശകലനം, പുസ്തകത്തിന്റെ മേന്മകൾ, പോരായ്മകൾ, മൊത്തത്തിലുള്ളവിലയിരുത്തൽ. ഉപസംഹാരംഎന്നിവറിവ്യൂവിൽഉണ്ടായിരിക്കണം. ഇവ പ്രത്യേകം ഉപശീർഷകമിട്ട്എഴുതണമെന്നില്ല.

പുസ്തകത്തിന്റെ പേര് എഴുത്തുകാരന്റെ പേര്, കൃതി ഉൾപ്പെടുന്ന ജനുസ്സ്, പ്രസിദ്ധീകരിച്ച വർഷം ( കഥ, കവിത, നിരൂപണം സഞ്ചാരവിവരണം.. ) എന്നിവ കീവേഡായി നിർബന്ധമായും  നൽകണം. പ്രസക്തമായ ഉള്ളടക്കസൂചനകളും താക്കോൽ വാക്കുകളായി നൽകുന്നതു നന്ന്.

റിവ്യൂ ചെയ്യുമ്പോൾ 

• 1. പുസ്തത്തിന്റെ സംഗ്രഹമല്ല, വിലയിരുത്തലാണ് നടത്തേണ്ടത്. പുസ്തകം എങ്ങനെയാണ്‌സമൂഹത്തിന് പ്രയോജനപ്പെടുന്നത്, അതതുമേഖലയിൽ നിലവിലുള്ളവിജ്ഞാനത്തെ പ്രസ്തുത പുസ്തകം എങ്ങനെയാണ്മുന്നോട്ടു നയിക്കുന്നത് എന്ന മട്ടിൽആലോചിക്കണം.  

• 2. പുസ്തകത്തിലുള്ള മുഴുവൻകാര്യവും റിവ്യൂവിൽ ഉൾപ്പെടുത്തിയേ പറ്റൂഎന്ന് നിർബന്ധമില്ല. പ്രസക്തമായകാര്യങ്ങൾ മതിയാവും 

• 3. പുസ്തകത്തെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾവച്ചുവേണംവിലയിരുത്താൻ; നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാവരുത് മാനദണ്ഡം. 

• 4. എന്താണു പുസ്തകത്തിന്റെ മുഖ്യ ആശയമ പ്രമേയം അതെങ്ങനെയാണ് ഗ്രന്ഥകാരൻ സ്ഥാപിച്ചെടുക്കുന്നത്? അതിലെ ജയപരാജയങ്ങൾ, ഉപാദാനങ്ങൾ ഈ ആശയത്തിന്റെ ചിട്ടപ്പെടുത്തൽ രൂപശിപ്ലം എങ്ങനെയാണ്? ഈ ആശയമേഖലയിൽ കൂടുതൽ ഉൾക്കാഴ്ച നൽകാൻ നിങ്ങളെ ഈ കൃതി എങ്ങനെ സഹായിച്ചു എന്ന ക്രമത്തിലുള്ള ഒരു അന്വേഷണം യുക്തിഭദ്രമായ ഒരു റിവ്യു എഴുതാൻ നിങ്ങളെ സഹായിക്കും.

• 5. പുസ്തകത്തിൽനിന്ന്അമിതമായി ഉദ്ധരണികൾ ഉപയോഗിക്കേണ്ടതില്ല. പറയുന്ന കാര്യത്തെ സ്വന്തംനിലയ്ക്ക് അവതരിപ്പിക്കുന്നതാണ് നല്ലത്. 

•6.  ഗ്രന്ഥകാരന്റെ മറ്റു കൃതികളെ കുറിച്ചുള്ള അറിവ്, ആ ജനുസ്സിൽ കൂടുതൽ കൃതികൾ വായിച്ചുള്ള പരിചയം എന്നിവ പുസ്തകാവലോകനം കാര്യക്ഷമമാവാൻ സഹായിക്കും

 

രചനാ ശൈലി

അക്കാദമികമായ രചനാശൈലി പിന്തുടരേണ്ടതുണ്ടെന്ന് പറഞ്ഞല്ലോ. ഇതിൽ ഏതു ശൈലിയും സ്വീകരിക്കാം.

പ്രബന്ധത്തിനകത്തെ പരാമർശങ്ങൾക്കും ഉദ്ധരണികൾക്കും ഇൻടെക്സ്റ്റ് റഫറൻസ് കൊടുക്കണം.

ഏതെങ്കിലും വിധത്തില്‍ ഉദ്ധരിച്ച വാക്യങ്ങള്‍ക്കു ശേഷം ഒരു വലയത്തിനകത്തായി രചയിതാവിന്‍റെ സര്‍നെയിം (കുടുംബപ്പേര്), പ്രസിദ്ധീകരിച്ച തീയതി, പേജ് നമ്പര്‍ എന്നീ പ്രാഥമികവിവരങ്ങൾ നല്‍കുന്നു.

മാതൃക:

‘പുരോഗമാനോത്സുകമായ ഒരു സാഹിത്യത്തില്‍ എല്ലാ ആദർശങ്ങളും അഭിപ്രായങ്ങളും നിശിതവും നിഷ്കൃഷ്ടവുമായ ഹാസ്യപ്രയോഗത്തിന് വിഷയീഭവിക്കേണ്ടതാണ്.’(എം പി പോൾ 1953, പു. 85).

ശ്രീ. പോൾ വാദിക്കുന്നതുപോലെ ‘പുരോഗമാനോത്സുകമായ ഒരു സാഹിത്യത്തിൽ എല്ലാ ആദർശങ്ങളും അഭിപ്രായങ്ങളും നിശിതവും നിഷ്കൃഷ്ടവുമായ ഹാസ്യപ്രയോഗത്തിന് വിഷയീഭവിക്കേണ്ടതാണ്.’ (1953, പു. 85)

ഉദ്ധരിക്കുമ്പോള്‍ സ്രോതസ്സിലെ വാചകങ്ങൾ അതേപടി പകര്‍ത്തുകയാണ് ചെയ്യുന്നത്. ഒറ്റ ഉദ്ധരണി ചിഹ്നം ഇവിടെ ഉപയോഗിക്കുന്നു. ഒരു ഉദ്ധരണിക്കുള്ളിൽ മറ്റൊന്ന് വരുമ്പോള്‍ അത് ഇരട്ട ഉദ്ധരണി ചിഹ്നം ഉപയോഗിച്ച് വേര്‍തിരിക്കുന്നു. ദീർഘ ഉദ്ധരണികൾക്ക് ചിഹ്നം ആവശ്യമില്ല. ഉദ്ധരണികൾക്ക് പേജ് നമ്പര്‍ നല്‍കുന്ന വിധം :

ഒരു പേജ് മാത്രമെങ്കില്‍ - ( വത്സലന്‍ വാതുശ്ശേരി 2015, പു.31)

തുടര്‍ച്ചയായ പേജുകൾ ആണെങ്കില്‍ - (വത്സലന്‍ വാതുശ്ശേരി 2015, പു.25-26)

ഗ്രന്ഥസൂചിയിൽ മലയാളം പുസ്തകങ്ങൾ ,ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളം ആനുകാലികങ്ങൾ,ഇംഗ്ലീഷ് ആനുകാലികങ്ങൾ,അപ്രകാശിത ഗവേഷണപ്രബന്ധങ്ങൾ (പിഎച്ച്.ഡി.,എം.ഫിൽ,എം.എ.പ്രബന്ധങ്ങൾ), പ്രോജക്ടുകൾ, വെബ്സൈറ്റുകൾ, എന്ന ക്രമത്തിൽ രേഖപ്പെടുത്താവുന്നതാണ്.

എഴുത്തുകാരുടെ പേരിന്റെ അക്ഷരമാലക്രമത്തിലാണ് ഗ്രന്ഥസൂചി തയ്യാറാക്കേണ്ടത്. പേരിനു ശേഷമാണ് ഇനിഷ്യലുകൾ, സ്ഥലനാമങ്ങൾ എന്നിവ  ചേർക്കേണ്ടത്

റഫറൻസിൽ ഉള്‍പ്പെടുത്തേണ്ടവ:

 • രചയിതാവിന്‍റെ സര്‍നെയിം, ഇനീഷ്യല്‍
 • പ്രസിദ്ധീകരിച്ച വർഷം
 • പുസ്തകത്തിന്‍റെ പേര്
 • എത്രാമത്തെ പതിപ്പ്. ഉദാ: നാലാം പതിപ്പ് (4th edn. )

(ഇ- ബുക്ക് ആണെങ്കിൽ അത് കൂടി ഇതു കഴിഞ്ഞ്  സൂചിപ്പിക്കണം)

 • പ്രസാധകന്‍
 • പ്രസിദ്ധീകരിച്ച സ്ഥലം

മാതൃക

ചാത്തനാത്ത് അച്യുതനുണ്ണി, 1993, ഗവേഷണം പ്രബന്ധരചനയുടെ തത്ത്വങ്ങൾ, അഞ്ചാം പതിപ്പ്, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരളം